ദളിത് ക്രൈസ്തവരെ അവഗണിച്ചെന്ന് ഡിസിഎംഎസ്
Friday, June 25, 2021 12:40 AM IST
കോട്ടയം: പരിവർത്തിത ക്രൈസ്തവർക്ക് വിദ്യാഭ്യാസമേഖലയിൽ ഒരു ശതമാനം സംവരണം മാത്രമാണുള്ളതെന്നും ഇതിൽ എസ്ഐയുസിയെയും ക്രിസ്ത്യൻ നാടാർ വിഭാഗത്തെയും കൂടി ഉൾപ്പെടുത്തിയതു ദളിത് ക്രൈസ്തവരോട് കാണിച്ച അനീതിയാണെന്നു ഡിസിഎംഎസ്. ഇതിനെതിരേ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. എട്ടുശതമാനം വരുന്ന പരിവർത്തിത ക്രൈസ്തവർക്ക് നാലു ശതമാനം വിദ്യാഭ്യാസ സംവരണം നൽകണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഓഫീസിൽ കൂടിയ യോഗത്തിൽ എസ്സി/എസ്ടി-ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ, സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ, നിയുക്ത ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ദേവദാസ് എന്നിവർ പ്രസംഗിച്ചു.