സ്വര്‍ണക്കടത്തു കേസ്: ജുഡീഷല്‍ കമ്മീഷനെ നിയമിച്ച വിജ്ഞാപനം റദ്ദാക്കണമെന്ന് ഹര്‍ജി
Friday, June 25, 2021 12:40 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷല്‍ കമ്മിഷനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റീസ് വി.കെ. മോഹന്‍ കമ്മീഷന് നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയോഗിച്ചതു ഭരണഘടനാ തത്ത്വത്തിനും ഫെഡറലിസത്തിനും എതിരാണ്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണത്തിലുള്ള ഇടപെടലാണിതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.