കിടപ്പുരോഗികള്‍ക്ക് വാക്സിന്; നിലപാട് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Thursday, April 22, 2021 12:55 AM IST
കൊച്ചി: വാക്സിനേഷന് സെന്ററുകളിലെത്തി കോവിഡ് വാക്സിന് എടുക്കാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്ക് അവരുടെ വീട്ടിലെത്തി വാക്സിന് നല്‍കണമെന്ന പരാതിയില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസയച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശിച്ചു.
കിടപ്പുരോഗികള്‍, അംഗപരിമിതര്‍, സാന്ത്വന ചികിത്സാ രോഗികള്‍ എന്നിവര്‍ക്ക് അവരവരുടെ വീട്ടിലെത്തി വാക്സിന് നല്‍കണമെന്നാണ് ആവശ്യം. ഇവര്‍ക്ക് വാക്സിനേഷന് സെന്ററുകളിലെത്തി വാക്സിനെടുക്കാന്‍ അനാരോഗ്യം കാരണം കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കേസ് മേയ് 28ന് പരിഗണിക്കും.