ഡിവൈഎസ്പി ചമഞ്ഞ് ആൾമാറാട്ടവും തട്ടിപ്പും: എസ്ഐ ഒളിവിലെന്നു ക്രൈംബ്രാഞ്ച്
Tuesday, March 9, 2021 12:28 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ലെറ്റർപാഡുകൾ ഉപയോഗിച്ചു തട്ടിപ്പു നടത്തുകയും ആൾമാറാട്ടം നടത്തുകയും ചെയ്ത പോലീസ് ആസ്ഥാനത്തെ എസ്ഐ ജേക്കബ് സൈമണ്‍ ഒളിവിൽ തന്നെയെന്ന് ക്രൈംബ്രാഞ്ച്. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.
ഡിജിപി മുതൽ ഐജി വരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ലെറ്റർപാഡുകൾ ഉപയോഗിച്ച് ജേക്കബ് സൈമണ്‍ തട്ടിപ്പു നടത്തിയതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് ചിലരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും ഡിജിപിയുടെ പിആർഒ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി തട്ടിപ്പു നടത്തിയതായും വിവരം ലഭിച്ചിരുന്നു. തട്ടിപ്പിനെ സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം ഡിജിപിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു.