ശതാബ്ദി നിറവിൽ എസ്എച്ച് ലീഗ്
Wednesday, January 20, 2021 1:46 AM IST
ആയിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ആലുവ എസ്എച്ച് ലീഗ് ശതാബ്ദിയുടെ നിറവിൽ. എസ്എച്ച് ലീഗിന്റെ ഉത്ഭവം അലക്സാണ്ടർ ഏഴാമൻ മാർപാപ്പയുടെ ആശീർവാദത്തോടെ കേരളത്തിലെത്തിയ സ്പെയിനിൽനിന്നുള്ള കർമലീത്താ മിഷിനറിമാരുടെ പ്രവർത്തനങ്ങളുമായി ഇഴചേർന്നുകിടക്കുന്നു. 1682 ൽ വരാപ്പുഴയിൽ തുടങ്ങിയ വൈദിക പരിശീലനകേന്ദ്രം പിന്നീട് 1886 ൽ പുത്തൻപള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. 1920 ൽ ധന്യൻ ഫാ. സഖറിയാസ് ഒസിഡി ആണ് പുത്തൻപള്ളി സെമിനാരിയിൽ എസ്എച്ച് ലീഗിനു തുടക്കംകുറിച്ചത്. പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമന്റെ “മാക്സിമും ഇല്ല്യൂദ്’എന്ന ചാക്രികലേഖനത്തിലെ, “മിഷൻപ്രവർത്തനം ഉത്തേജിപ്പിക്കുക എന്ന ആഹ്വാനത്തിനു മറുപടി എന്നോണം സുവിശേഷമൂല്യങ്ങളെ പരിചയപ്പെടുത്തുന്ന കൃതികൾ പ്രസിദ്ധീകരിക്കാൻ വേണ്ടിയാണ് ഇത് ആരംഭിച്ചത്.
എസ്എച്ച് ലീഗ് 1920 ഒക്ടോബർ 15നു തുടങ്ങിയ “മതവും ചിന്തയും’’ ആദ്യം ലഘുലേഖകളുടെ രൂപത്തിലായിരുന്നു. പിന്നീട് എസ്എച്ച് ലീഗിന്റെ സുവർണജൂബിലി വർഷമായിരുന്ന 1970 ലാണ് മാസികരൂപത്തിലായത്. അന്നുമുതൽ വിശ്വാസ-ധാർമിക വിഷയങ്ങളുടെ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങൾ ലഭ്യമാക്കാൻ ഈ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നു. 1932 ൽ പുത്തൻപള്ളി സെമിനാരി ആലുവ മംഗലപ്പുഴയിലേക്കു മാറ്റിസ്ഥാപിച്ചതോടെ എസ്എച്ച് ലീഗിന്റെ പ്രവർത്തനകേന്ദ്രം മംഗലപ്പുഴ സെമിനാരിയായി.
കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് 1924 ൽ എസ്എച്ച് ലീഗ് തുടങ്ങിയ. “കത്തോലിക്കാ കുടുബം” എന്ന മാസിക പതിനേഴായിരത്തിലധികം കുടുംബങ്ങളിൽ നിന്ന് കാലാകാലങ്ങളിലായി വിവരശേഖരണം നടത്തിയിരുന്നു. പിന്നീട് സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന സഖറിയാസച്ചൻ 1943 ൽ “പ്രേഷിതകേരളം” മാസിക ആരംഭിച്ചു. പ്രേഷിതകേരളം ഇന്നും മുടങ്ങാതെ കാർമൽഗിരി സെമിനാരിയിൽനിന്നു പ്രസിദ്ധീകരിക്കുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളർത്തുന്നതിൽ പ്രേഷിതകേരളം വഹിക്കുന്ന പങ്ക് വലുതാണ്.
ബൈബിൾ വിവർത്തനരംഗത്ത് എസ്എച്ച് ലീഗ് ഗണ്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്. 1929 ൽ തുടങ്ങിയ പഴയനിയമ പുസ്തകങ്ങളുടെ വിവർത്തനം 1940 ൽ പൂർത്തിയാക്കി. ഫാ. ജോൺ കുന്നപ്പള്ളിയും ഫാ. മാത്യു വടക്കേലുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയനിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധകാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഈ സംരംഭം പിൽക്കാല വിശുദ്ധഗ്രന്ഥ വിവർത്തനോദ്യമങ്ങൾക്ക് മാതൃകയും സഹായവുമായിത്തീർന്നു. ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാർമികശാസ്ത്രം, ബൈബിൾ വിജ്ഞാനീയം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങളാണ് എസ്എച്ച് ലീഗ് പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്. സഭയെ നയിക്കേണ്ട വൈദികരുടെ രൂപീകരണപ്രക്രിയയിലും നിർണായക പങ്കുവഹിക്കുന്നു.
അതിദ്രുതം മാറുന്ന ലോകത്തിൽ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു ഗ്രന്ഥശാലയാകാനാണ് ജൂബിലിവർഷത്തിൽ എസ്എച്ച് ലീഗിന്റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷൻ, ശ്രാവ്യരൂപപ്രകാശനം (ഓഡിയോ വേർഷൻ) എന്നിവയും ലക്ഷ്യങ്ങളാണ്. ഇ-ബുക്ക് രംഗത്തേക്കും ഇന്റർനെറ്റ് മാർക്കറ്റിംഗിലേക്കുമുള്ള ചുവടുവയ്പ് ഇതിനോടകം തുടങ്ങികഴിഞ്ഞു.
ബ്രദർ ക്ലിന്റോ പുലിക്കുന്നേൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മംഗലപ്പുഴ)