കെ.എം. മാണി സ്മൃതിമണ്ഡപം നിർമിക്കാൻ യൂത്ത്ഫ്രണ്ട്-എം
Tuesday, January 19, 2021 12:44 AM IST
കോട്ടയം: യൂത്ത്ഫ്രണ്ട് - എം സുവർണജൂബിലിയോടനുബന്ധിച്ച് പാലായിൽ കെ.എം. മാണി സ്മൃതിമണ്ഡപം നിർമിക്കാൻ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന നേതൃ കണ്വൻഷൻ തീരുമാനിച്ചു. കെ.എം. മാണി സ്മൃതിഭവനം എന്ന പേരിൽ ഭവനരഹിതർക്കുള്ള ഭവനനിർമാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും.
ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിൽ രണ്ടുപേർക്കും പത്തനംതിട്ടയിൽ ഒരാൾക്കും ഭവനം നിർമിച്ചു നൽകും കെ.എം. മാണിയോടുള്ള ആദരസൂചകമായി 501 സ്മൃതി മണ്ഡപങ്ങൾ സംസ്ഥാനത്ത് ഉടനീളം നിർമിക്കാനും തീരുമാനമായി. ഒരു വർഷം നീണ്ടുനിന്ന യൂത്ത് ഫ്രണ്ട്-എം സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സുവനീർ പ്രകാശനവും കോട്ടയത്ത് നടത്തും. ജോസ് കെ. മാണി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് ഫ്രണ്ട്-എം പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, നിർമല ജിമ്മി, പി.എം. മാത്യു, വിപിൻ എടൂർ, ബിജു കുന്നേപ്പറന്പൻ, ജോസഫ് സൈമണ്‍, വിജയ് മരേട്ട്, ഷെയിൻ കുമരകം, സിറിയക് ചാഴികാടൻ, മധു നന്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.