മദ്യപിച്ചു ചീട്ടുകളി: തർക്കത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു
Monday, October 19, 2020 1:36 AM IST
നെടുങ്കണ്ടം: ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം ചീട്ടുകളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിമുക്തഭടനെ സുഹൃത്ത് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി. കരുണാപുരം തണ്ണിപ്പാറ ജാനകിമന്ദിരത്തിൽ രാമഭദ്രൻ(78) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രാമഭദ്രന്റെ സുഹൃത്തായ തണ്ണിപ്പാറ തെങ്ങുപള്ളി ജോർജുകുട്ടി (വർഗീസ് - 61) യെ കന്പംമെട്ട് പൊലീസ് അറസ്റ്റ്ചെയ്തു. ജോർജുകുട്ടിയുടെ വീട്ടിലാണ് ദാരുണമായ കൊലപാതകം നടന്നത്. ജോർജുകുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ജോർജുകുട്ടിയും രാമഭദ്രനും സ്ഥിരമായി ചാരായം വാറ്റി കഴിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
ശനിയാഴ്ച രാത്രി 8.30 ന് കൊലപാതകം നടന്നതായാണ് പൊലീസ് നിഗമനം. ഇരുവരുടെയും ഭാര്യമാർ മരിച്ചതിനു ശേഷം രാമഭദ്രനും ജോർജുകുട്ടിയും അവരുടെ വീടുകളിൽ തനിച്ചായിരുന്നു. ശനിയാഴ്ച ജോർജുകുട്ടിയുടെ കൊലപാതകം നടത്തിയ ശേഷം ജോർജുകുട്ടി സമീപത്തു താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തി. രക്തമൊലിച്ചു നിന്ന ജോർജുകുട്ടിയെ സഹോദരൻ തൂക്കുപാലത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. രാമഭദ്രനെ താൻ കൊലപ്പെടുത്തിയെന്ന് ആശുപത്രിയിലേക്കുപോകും വഴി ജോർജുകുട്ടി സഹോദരനോട് വെളിപ്പെടുത്തി. സഹോദരന്റെ ഭാര്യ കന്പംമെട്ട് പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ജോർജുകുട്ടിയെ അറസ്റ്റ് ചെയ്തു.
കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, കന്പംമെട്ട് സിഐ ജി. സുനിൽകുമാർ, എസ്ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദരും ഫോറൻസിക് സർജനും സ്ഥലത്ത് പരിശോധന നടത്തി. കൊലയ്ക്കുപയോഗിച്ച കോടാലിയും മറ്റും കണ്ടെടുത്തു. അടുക്കളയിൽ സൂക്ഷിച്ച വാറ്റ് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിനു ശേഷവും ജോർജുകുട്ടി മദ്യപിച്ചിരുന്നു. രക്തക്കറ പുരണ്ട മദ്യക്കുപ്പി പൊലീസ് കണ്ടെത്തി. ജോർജുകുട്ടി താമസിച്ചിരുന്ന വീടും രാമഭദ്രൻ താമസിച്ചിരുന്ന ഷെഡും തമ്മിൽ 100 മീറ്റർ അകലമാണുള്ളത്. ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
രാമഭദ്രന്റെ ഭാര്യ സാവിത്രി വർഷങ്ങൾക്കു മുന്പ് മരിച്ചു. മക്കൾ: മിനി, ബിന്ദു, ബിജു. മരുമക്കൾ: വിമലൻ, ഷിബു, ഉഷ.