എക്സൈസ് ഉദ്യോഗസ്ഥരെ കാറിടിപ്പിക്കാൻ ശ്രമം; കഞ്ചാവു കച്ചവടം നടത്തുന്ന സഹോദരന്മാർ അറസ്റ്റിൽ
Monday, October 19, 2020 12:36 AM IST
തൃശൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ തൃശൂർ ഓഫീസിലെ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ കഞ്ചാവുവില്പനക്കാരായ സഹോദരൻമാർ അറസ്റ്റിലായി. ചിറ്റണ്ട സ്വദേശികളുമായ പനയംപുള്ളി വീട്ടിൽ ശരത്ത്(25), ശ്രീജിത്ത്(30) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പിള്ളി താലൂക്കിലെ ചിറ്റണ്ട സ്കൂളിനു സമീപം ഇന്നലെ രാവിലെ പത്തിനാണു സംഭവം. ഈ ഭാഗത്തു വ്യാപകമായ രീതിയിൽ കഞ്ചാവുവിതരണം നടക്കുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ.സലീമിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ നിർദേശ പ്രകാരം, എക്സൈസ് സ്പെഷൽ സ്ക്വാഡിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ കഞ്ചാവുവിതരണത്തിനായി മാരുതി ആൾട്ടോ കാറിലെത്തിയ ശരത്തും ശ്രീജിത്തും ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അമിത വേഗത്തിൽ മുന്നോട്ടും പിന്നോട്ടും വാഹനമോടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വഴിയിലൂടെ വന്ന വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. നാട്ടുകാരുടെയും സാമൂഹ്യപ്രവർത്തകരുടേയും സഹായത്തോടെ എക്സൈസ് ഉദ്യോഗസ്ഥർ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് 13 പായ്ക്കറ്റ് കഞ്ചാവും, മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തു.
വലിയതോതിൽ പുറമേനിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന നടത്തുന്ന റാക്കറ്റിലെ അംഗങ്ങളാണു പിടിയിലായവർ. കഞ്ചാവ് വില്പനയോടൊപ്പം ക്രിമിനൽ സംഘങ്ങളും പ്രദേശത്തു വളർന്നുവരുന്നതായി നാട്ടുകാർ പറയുന്നു.
കഞ്ചാവു വിതരണ ശൃംഖലയിലെ പ്രധാനികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ അറിയിച്ചു. പ്രതികളെ പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമണ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി.രാജേഷ്, ഡിക്സൻ വി. ഡേവിസ്, എൻ.യു. ശിവൻ, എം.എസ്. ഷിബു, സിവിൽ എക്സൈസ് ഓഫീസർ ടി.സി. അനീഷ് എന്നിവരും ഉണ്ടായിരുന്നു.