തൃശൂരിൽ വൻ കഞ്ചാവു വേട്ട; കാറിൽ കടത്തിയ പത്തുകിലോ കഞ്ചാവ് പിടികൂടി
Wednesday, September 30, 2020 12:47 AM IST
തൃശൂർ: തൃശൂർ നഗരത്തിൽ വൻ കഞ്ചാവു വേട്ട. കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി ദമ്പതികളടക്കം നാലുപേരെ തൃശൂർ ശക്തൻ നഗറിൽനിന്നു ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നു പിടികൂടി. ആന്ധ്രയിൽനിന്നു കേരളത്തിൽ വിതരണത്തിനെത്തിച്ച കഞ്ചാവാണ് രഹസ്യവിവരത്തെ ത്തുടർന്ന് പിടിച്ചെടുത്തത്.
ആഡംബര കാറിന്റെ ബോണറ്റിനകത്ത് അഞ്ചു പായ്ക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബോണറ്റിനകത്തെ ചൂടേറ്റാൽപോലും നശിക്കാത്ത വിധത്തിൽ ആറു ലെയറുകളുള്ള പായ്ക്കറ്റിനുള്ളിലായിരുന്നു കഞ്ചാവ്. തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർഖാൻ(34), റിയാസ്(39), ഷമീർ(31), ഭാര്യ സുമി(26) എന്നിവരാണ് പിടിയിലായത്. ഇതിൽ ജാഫർഖാനും റിയാസും നിരവധി കേസുകളിൽ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
അതിർത്തികളിലെയും മറ്റും പരിശോധനകളിൽനിന്നു പെട്ടെന്നു രക്ഷപ്പെടാനാണ് സ്ത്രീയെ കൂടെ കൂട്ടിയതെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽനിന്നു വലിയതോതിൽ കഞ്ചാവ് കടത്തുന്ന സംഘമാണിത്. കോവിഡ് കാലത്തു കൂടിയ വിലയ്ക്കാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പത്തുകിലോ കഞ്ചാവിനു പത്തുലക്ഷത്തിനടുത്തു വില കിട്ടുമെന്നാണ് ഇവരിൽനിന്നും കിട്ടിയ വിവരം.
സംഘത്തലവനായ ജാഫർഖാൻ ചെക്കിംഗ് ഒഴിവാക്കാൻവേണ്ടിയാണ് സുഹൃത്തുക്കളായ ഷമീറിനെയും സുമിയെയും കൂടെക്കൂട്ടിയത്. ആന്ധ്രവരെ പോകുന്നതിനു പ്രതിഫലമായി ടിവിയും മേശയും വാങ്ങിച്ചുതരാമെന്നാണ് ഓഫർ. സുമി കാറിന്റെ മുൻസീറ്റിൽ ഇരിക്കണമെന്നാണ് വ്യവസ്ഥ. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു അറസ്റ്റ്.