സി- ആപ്റ്റിൽ എൻഐഎ റെയ്ഡ് : വാഹനങ്ങളുടെ ജിപിഎസ് രേഖകൾ പിടിച്ചെടുത്തു
Thursday, September 24, 2020 1:08 AM IST
തിരുവനന്തപുരം: മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത കേസിൽ മന്ത്രി കെ.ടി. ജലീലിനെതിരേ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടു സി- ആപ്റ്റിൽ രണ്ടാം ദിനവും ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ഇന്നലെ രാവിലെ വട്ടിയൂർക്കാവിലെ സി- ആപ്റ്റിലെത്തിയ എൻഐഎ സംഘം വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനം ട്രാക്ക് ചെയ്തു റിക്കാർഡ് ചെയ്യുന്ന സംവിധാനത്തിന്റെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു.
ഇതോടൊപ്പം മതഗ്രന്ഥങ്ങൾ വിതരണം നടത്തിയ വാഹനത്തിന്റെ ജിപിഎസ് സംവിധാനവും പിടികൂടി. ഇവ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. മതഗ്രന്ഥങ്ങളുമായി പോയ വാഹനം തൃശൂരിൽ എത്തിയപ്പോൾ ജിപിഎസ് സംവിധാനം നിശ്ചലമായിരുന്നു. ഇതു മനഃപൂർവം ഓഫാക്കിയതാണോ അതോ തനിയെ ഓഫായതാണോ എന്നറിയാനാണു ശാസ്ത്രീയ പരിശോധന നടത്തുന്നത്. വാഹനങ്ങളുടെ ലോഗ്ബുക്കും പിടിച്ചെടുത്തു.
സി- ആപ്റ്റിന്റെ വാഹനങ്ങൾ ചുമതലയുള്ള സൂപ്പർവൈസറുടെ മൊഴി രേഖപ്പെടുത്തി. ക്രമക്കേടു നടന്നതായി ആരോപണം ഉയർന്ന വാഹനം ഓടിച്ചിരുന്നയാളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഡ്രൈവർ മൊഴി നൽകിയതെന്നാണു വിവരം. ഒരു മണിക്കൂറോളം സി- ആപ്റ്റിൽ ചെലവഴിച്ച എൻഐഎ സംഘം പിന്നീടു മടങ്ങി.
കഴിഞ്ഞ ദിവസം സി ആപ്റ്റിൽ എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. മുൻ എംഡി അടക്കമുള്ള ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.