സ്വര്‍ണക്കടത്ത്: പ്രധാന പ്രതി റമീസിനു ജാമ്യം
Thursday, September 17, 2020 12:26 AM IST
കൊച്ചി: യുഎഇ കോണ്‍സലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മലപ്പുറം വെട്ടത്തൂര്‍ കണ്ണംതൊടി തെക്കേക്കളത്തില്‍ റമീസിനു ജാമ്യം. 60 ദിവസം പൂര്‍ത്തിയായിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ്(സാമ്പത്തിക കുറ്റങ്ങള്‍) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രണ്ടു ലക്ഷം രൂപയും, തുല്യ തുകയ്ക്കുള്ള രണ്ടുപേർ ജാമ്യക്കാരായും വേണമെന്ന് ഉത്തരവില്‍ പറയുന്നു. ജാമ്യക്കാര്‍ അവരുടെ അസല്‍ ആധാരം പരിശോധനയ്ക്കായി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ മൂന്നു മാസത്തേക്കോ, കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണം. പാസ്പോര്‍ട്ട് ഏഴ് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
റമീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പ്രതിയാണ്. ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍മോചിതനാകാന്‍ കഴിയൂ.