യുവകർഷകന്റെ മരണം : സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി
Wednesday, August 12, 2020 12:50 AM IST
പത്തനംതിട്ട: യുവകർഷകൻ പി.പി. മത്തായി (പൊന്നു - 41) വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. മരിച്ച മത്തായിയുടെ ഭാര്യ ഷീബമോൾ, അഭിഭാഷകൻ ജോണി കെ. ജോർജ് മുഖേനയാണ് ഇന്നലെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
നിലവിലെ അന്വേഷണ ഏജൻസിയായ സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നു ഹർജിയിൽ പറയുന്നു. രണ്ടാഴ്ച മുന്പാണ് മത്തായി വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. സംഭവംനടന്ന് രണ്ടാഴ്ച പിന്നിടുന്പോഴും കേസിൽ കാര്യമായ അന്വേഷണമോ കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ലെന്നു ഹർജിയിൽ കുറ്റപ്പെടുത്തി.
ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ടു നിയമപരമായി പൂർത്തീകരിക്കേണ്ട നടപടികളുണ്ടായില്ലെന്നും സംഭവസമയത്ത് മത്തായിയുടെ പേരിൽ കേസുകളുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിനുശേഷം കൃത്രിമരേഖകൾ ചമയ്ക്കുകയും കേസ് അട്ടിമറിക്കാനും കിണറ്റിൽ വീണു മരിച്ചതാണെന്നു വരുത്താനും ശ്രമം നടക്കുന്നതായും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ റാന്നി ഡിഎഫ്ഒയുടെ പങ്കുകൂടി അന്വേഷണപരിധിയിലാക്കണമെന്നും ആവശ്യമുണ്ട്.
ഇതിനിടെ, കേസ് അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. പ്രദീപ്കുമാറിന്റെ ജിഡി ഫയൽ അടക്കം ഇന്നലെ പ്രോസിക്യൂട്ടർക്കു കൈമാറി. കേസുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിന്റെ ഭാഗമാണിത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഏതെല്ലാം വകുപ്പുകൾ കേസിൽ നിലനിൽക്കുമെന്നതിലാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
വനംവകുപ്പ് കൊല്ലം സിസിഎഫ് സഞ്ജിൻകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വനം മന്ത്രിക്കും കൈമാറിയിട്ടുണ്ട്. മത്തായിയെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ചകളുണ്ടായതായി ഇതിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവിൽ രണ്ട് വനപാലകരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേർക്കെതിരേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് ശിപാർശ.
മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന വനം മേധാവിക്കും നിർദേശം നൽകി.