യുവകർഷകന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
Wednesday, August 12, 2020 12:25 AM IST
കോട്ടയം: പത്തനംതിട്ട ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ മരണപ്പെട്ടത് അട്ടിമറിക്കാൻ ആസൂത്രിതശ്രമം നടക്കുന്പോൾ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ. മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ വിവിധ കർഷകസംഘടനകൾ സംസ്ഥാനത്തുടനീളം നടത്തുന്ന കർഷകപ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു പ്രസഗിക്കുകയായിരുന്നു അദ്ദേഹം.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണ കവചമൊരുക്കി ഭരണസംവിധാനങ്ങൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേസിൽ വനം മന്ത്രിയെ പ്രതി ചേർക്കണം. കർഷകമരണത്തിൽ കൃഷിമന്ത്രിയുടെ നിശബ്ദതയ്ക്കും ഭാവിയിൽ കർഷകർ മറുപടി നൽകുമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.