നദികൾ കരകവിഞ്ഞു, കോട്ടയം ജില്ലയിൽ ജാഗ്രതാനിർദേശം
Monday, August 10, 2020 1:52 AM IST
കോട്ടയം: മഴ നേരിയ തോതിൽ ശമിച്ചെങ്കിലും മഴക്കെടുതിയിൽ ഇന്നലെ കോട്ടയത്ത് രണ്ടുപേർ മരിച്ചു. മണർകാട്ട് കാർ ഒഴുക്കിൽപ്പെട്ട് അങ്കമാലി സ്വദേശി ടാക്സി ഡ്രൈവറും ഈരാറ്റുപേട്ടയിൽ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ കളത്തൂക്കടവ് സ്വദേശിയായ യുവാവുമാണ് മരിച്ചത്. ഇതോടെ കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി. മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകൾ കരകവിഞ്ഞൊഴുകുകയാണ്.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിലായി. പന്പ ഡാം തുറന്നതോടെ ജില്ലയിലെ പന്പാവാലി, എരുമേലി പ്രദേശങ്ങൾ കനത്ത ജാഗ്രതയിലാണ്.
എംസി റോഡിൽ നാഗന്പടത്ത് വെളളം കയറി ഗതാഗതം വഴിതിരിച്ചുവിട്ടു. ചങ്ങനാശേരി-ആലപ്പുഴ റോഡ് പൂർണമായും അടച്ചു. കുട്ടനാടൻ മേഖലയിൽ നിന്നും ചങ്ങനാശേരിയിലേക്ക് ആളുകളുടെ പലായനം ആരംഭിച്ചു. മടവീഴ്ചയിൽ പടിഞ്ഞാറൻ മേഖലയിൽ ഏക്കറുകണക്കിനു കൃഷി നശിച്ചു.