മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായി മുഖ്യമന്ത്രി; എന്താണു നിങ്ങൾക്കു വേണ്ടത്?
Saturday, August 8, 2020 12:23 AM IST
തിരുവനന്തപുരം: എന്താണു നിങ്ങളുടെ ഉദ്ദേശ്യമെന്നു മാധ്യമപ്രവർത്തകരോടു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തു കേസിൽ എൻഐഎ കോടതിയിൽ നടത്തിയ പരാമർശങ്ങൾ എന്ന പേരിൽ ചില മാധ്യമങ്ങൾ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനായി. മാധ്യമധർമം പാലിക്കണമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുഖ്യമന്ത്രി സ്വർണക്കടത്തിനു കൂട്ടു നിന്നു എന്നാണോ മാധ്യമങ്ങൾക്കു വരുത്തിത്തീർക്കേണ്ടതെന്നു മുഖ്യമന്ത്രി ചോദിച്ചു. എത്ര ശ്രമിച്ചാലും അതു നടക്കില്ല. നാട്ടുകാർക്ക് ഒരു സംശയവുമുണ്ടാകുകയുമില്ല. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്? നിങ്ങൾ ഒരു പ്രത്യേക ഉപജാപക സംഘത്തിന്റെ വക്താക്കളായി മാറുകയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
എനിക്കു യാതൊരു ആശങ്കയുമില്ല. എല്ലാ കാര്യങ്ങളും പുറത്തു വരാൻ ഇനി അധികദിവസം വേണ്ടി വരില്ല. ചിലരുടെ നെഞ്ചിടിപ്പേറുന്നത് അപ്പോൾ കാണാമെന്നു മുന്‍പൊരിക്കൽ പറഞ്ഞിരുന്നു. അതു വീണ്ടും ആവർത്തിക്കുകയാണ്.
തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് വാർത്തകൾ കൊടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.