മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി , രണ്ടു യുവാക്കളെ കാണാതായി
Friday, August 7, 2020 1:07 AM IST
തൊടുപുഴ: ഏലപ്പാറ-വാഗമണ്‍ റൂട്ടിൽ നല്ലതണ്ണി പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളെ കാണാതായി. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്കു വാഹനം ഒഴുകിപോയതായാണ് സംശയിക്കുന്നത്.
ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കനത്തമഴയും പ്രതികൂല കാലാവസ്ഥയും മൂലം രാത്രിയിലെ തെരച്ചിൽ നിർത്തിവച്ചു. കോഴിക്കാനം, അണ്ണൻതന്പിമല, ഏലപ്പാറ മേഖലകളിലെ തോട്ടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഏലപ്പാറ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളംകയറി. ഇടുക്കി മേലേചിന്നാറിലും രാത്രി പത്തോടെ ഉരുൾപൊട്ടലുണ്ടായി.
ഹൈറേഞ്ചിൽ രാത്രിയിലും കനത്തമഴ തുടരുകയാണ്. ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്.