മണിമലയാറ്റിൽ രണ്ടു യുവാക്കളെ കാണാതായി
Monday, August 3, 2020 12:37 AM IST
തിരുവല്ല: മണിമലയാറ്റിൽ രണ്ട് യുവാക്കളെ കാണാതായി. തിരുവല്ല കുറ്റൂർ കലയിത്ര ഏബ്രഹാമിന്റെ മകൻ ജോയൽ (22), കുറ്റൂർ പാറയിൽ ഷാജിയുടെ മകൻ ജിബിൻ (22) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കുറ്റൂർ റെയിൽവേ പാലത്തിന്റെ തൂണിൽ ഇരുന്ന അഞ്ചു പേരിൽ ഒരാൾ വെള്ളത്തിൽ വീണതിനെത്തുടർന്ന് കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമെന്നറിയുന്നു.
മൂന്നു പേർ നീന്തി കയറിയെങ്കിലും രണ്ടു പേരെ കാണാതാകുകയായിരുന്നു. കരയ്ക്കെത്തിയവരാണ് രണ്ടുപേരെക്കൂടി കാണാനുണ്ടെന്ന വിവരം പറഞ്ഞത്. തുടർന്ന് തെരച്ചിൽ ശക്തമാക്കി. രാത്രി വൈകിയും നാട്ടുകാരും പോലീസും അഗ്നിശമന സേനയും തെരച്ചിൽ തുടരുകയാണ്. സംഭവം നടക്കുന്നതിനു തൊട്ടുമുന്പായി തിരുവല്ല പോലീസ് ഈ ഭാഗത്ത് പട്രോളിംഗ് നടത്തിയ തായി പറയുന്നു.