സ്വപ്നയെ ഫോണിൽ വിളിച്ചത് ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട്: മന്ത്രി ജലീൽ
Wednesday, July 15, 2020 12:44 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഫോണിൽ സംസാരിച്ചത് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സന്ദേശത്തിന്റെ അടിസ്ഥാനത്തിലെന്നു മന്ത്രി ഡോ. കെ.ടി ജലീൽ.
സ്വപ്നയുമായുള്ള മന്ത്രിയുടെ ഫോണ്‍സംഭാഷണം സംബന്ധിച്ചുള്ള രേഖകൾ പുറത്തു വന്നതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. റംസാൻ കാലത്ത് യുഎഇ കോണ്‍സുലേറ്റ് ഭക്ഷ്യകിറ്റ് വിതരണം ചെയ്യാറുണ്ട്.
ഇത്തവണ ലോക്ക് ഡൗണ്‍ ആയതിനെത്തുടർന്ന് കൃത്യസമയത്ത് അതു വിതരണം ചെയ്യാൻ സാധിച്ചില്ല. ഭക്ഷ്യകിറ്റ് നല്കാൻ ആഗ്രഹമുണ്ടെന്നു കാട്ടി മേയ് 27 ന് യുഎഇ കോണ്‍സലേറ്റ് ജനറലിന്റെ സന്ദേശം കിട്ടി. കണ്‍സ്യൂമർഫെഡിൽ നിന്നു ഭക്ഷ്യക്കിറ്റ് സജ്ജീകരിക്കാമെന്ന് കോണ്‍സുലേറ്റ് ജനറലിനെ അറിയിച്ചു. തുടർന്ന് അദ്ദേഹമാണ് സ്വപ്ന വിളിക്കുമെന്ന് അറിയിച്ചത്. കോണ്‍സുലേറ്റ് ജനറലിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വിളിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.