ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും
Monday, July 13, 2020 12:56 AM IST
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു വകുപ്പുതല അന്വേഷണം നടത്തിയേക്കും.
കേസിലെ പ്രതികളുമായി ശിവശങ്കറിനു ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
സർവീസ് ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാകും സസ്പെൻഷൻ. ശിവശങ്കറിനു സ്വർണക്കടത്തു കേസിൽ പിടിയിലായവരുമായുള്ള ബന്ധം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഇന്റലിജൻസിനോടു സർക്കാർ നിർദേശിച്ചിരുന്നു.
സർക്കാർ നിലവിൽ വകുപ്പുതല അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ശിവശങ്കറിനെ തസ്തികകളിൽനിന്നു മാറ്റുകയും അദ്ദേഹം ഒരു വർഷത്തെ അവധിയിൽ പ്രവേശിക്കുകയും മാത്രമാണുണ്ടായത്.