ആറു സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ
Monday, July 13, 2020 12:14 AM IST
ആലപ്പുഴ: സംസ്ഥാനത്തെ ആറു സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11ന് വീഡിയോ കോണ്‍ഫറൻസ് വഴി മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം നിർവഹിക്കുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ അറിയിച്ചു.
നിർമാണം പൂർത്തിയായി പ്രവർത്തനസജ്ജമായ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, ഇടുക്കി ജില്ലയിലെ ഉടുന്പൻചോല, തോപ്രാംകുടി, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ എന്നീ നാലു ഓഫീസുകളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. മാനന്തവാടി, തൃപ്രയാർ എന്നീ സബ് രജിസ്ട്രാർ ഓഫീസുകളുടെ നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കും.
മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ്കുമാർ സിംഗ്, രജിസ്ട്രേഷൻ ഐജി കെ. ഇന്പശേകർ എന്നിവരും പങ്കെടുക്കും.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം. മണി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഗീതഗോപി, പുരുഷൻ കടലുണ്ടി, ഒ.ആർ. കേളു എന്നിവർ പ്രാദേശിക ഉദ്ഘാടന പരിപാടികളിൽ നേതൃത്വം വഹിക്കും.