ഇനി യാത്രക്കാർക്കല്ല, ചരക്കുനീക്കത്തിനു റെയിൽവേ മുന്തിയ പരിഗണന നല്‍കും
Friday, July 10, 2020 11:55 PM IST
ഷൊർണൂർ: ഇനി യാത്രക്കാർക്കല്ല, ചരക്കുനീക്കത്തിനാകും റെയിൽവേ മുൻഗണന നല്‍കുക. ലാഭക്കണക്കുകൾ മാത്രം മുൻനിർത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് റെയിൽവേ. വരുമാനം വർധിപ്പിക്കുന്നതിനാണ് ചരക്കുനീക്കത്തിനു മുന്തിയ പരിഗണന നല്‍കാനുള്ള തീരുമാനം.
കോവിഡ് കാലത്തെ റെയിൽവേയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠനം പൂർത്തിയായപ്പോഴാണ് ഇത്തരം ശിപാർശകൾക്കു മുൻഗണന ലഭിച്ചത്. പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശക കൗണ്‍സിൽ അധ്യക്ഷനായ ബേബിക് ദിബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ നല്കിയ റിപ്പോർട്ടിനൊപ്പം വിവിധ സോണുകളിൽനിന്നും ലഭിച്ച അഭിപ്രായങ്ങൾകൂടി കണക്കിലെടുത്താണ് റെയിൽവേ പുതിയ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്തെ പ്രധാന റെയിൽവേ വർക്ക്ഷോപ്പുകളിൽ പ്രധാനമായും നിർമിച്ചതു ചരക്കുനീക്കത്തിനാവശ്യമായ ബോഗികൾ മാത്രമായിരുന്നു. ട്രെയിലറുകളും ട്രക്കുകളും കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പദ്ധതികൾ ഉടനേ തുടങ്ങാനാണ് തീരുമാനം.
സർവീസ് അവസാനിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകൾ വേണമെങ്കിൽ ഇനിമുതൽ സംസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാമെന്നും നിർദേശമുണ്ട്. ലാഭനഷ്ടങ്ങൾ സംസ്ഥാനങ്ങളിൽമാത്രം നിക്ഷിപ്തമാണ്. ഇതോടൊപ്പം ഡിവിഷൻ ആസ്ഥാനങ്ങളിൽനിന്നും മറ്റും ലഭിക്കുന്ന ശിപാർശകളുടെ അടിസ്ഥാനത്തിൽ ട്രെയിനുകളും സ്റ്റേഷൻ വികസനപദ്ധതികളും നടപ്പാക്കുന്ന രീതിയും ഇനി തുടരില്ല. സ്പെഷൽ ട്രെയിനുകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാക്കാനും നീക്കമുണ്ട്. അവധിക്കാലത്ത് ഓടിക്കുന്ന സ്പെഷൽ ട്രെയിനുകൾ റെയിൽവേ നിർത്തലാക്കും. നഷ്ടക്കണക്കുകളുടെ റെഡ് സിഗ്നലിൽ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽവേയെ ലാഭത്തിന്റെ പച്ചവെളിച്ചത്തിലേക്കു നയിക്കാനാണ് ഉന്നതതലത്തിലെ കടുത്ത തീരുമാനങ്ങൾ.