"സ്വർണക്കടത്തിൽ പങ്കില്ല' സ്വപ്നയുടെ ശബ്ദരേഖ പുറത്ത്
Friday, July 10, 2020 12:52 AM IST
തിരുവനന്തപുരം: സ്വർണക്കടത്തിൽ തനിക്കു യാതൊരു പങ്കുമില്ലെന്ന് സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രകയെന്നു കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്.
ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം ഒരു ദൃശ്യമാധ്യമമാണ് ഇന്നലെ പുറത്തുവിട്ടത്. താനിപ്പോൾ മാറിനിൽക്കുന്നത് ഭയംകൊണ്ടാണെന്നും അതല്ലാതെ തെറ്റു ചെയ്തിട്ടല്ലെന്നും സന്ദേശത്തിൽ അവർ പറയുന്നു.
‘എനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. എന്താണ് എന്റെ റോൾ എന്ന് എല്ലാവരും അറിയണം. കോണ്‍സൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇതിനായി എസി രാമമൂർത്തിയെ വിളിച്ചിരുന്നു. അദ്ദേഹം നോക്കിയിട്ടു വിളിക്കാമെന്നും പറഞ്ഞു. അതുമാത്രമാണ് എനിക്ക് ഇതിലുള്ള ബന്ധം. വേറൊന്നും അറിയില്ല.'
സ്വപ്നയുടെ സന്ദേശം ഇങ്ങനെ തുടരുന്നു. തന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിനു പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. കോണ്‍സുലേറ്റിൽ ജോലിചെയ്തപ്പോഴൊക്കെ തന്റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായും താൻ സംസാരിച്ചിട്ടുണ്ട്.
പക്ഷേ അതെല്ലാം തൊഴിലിന്റെ ഭാഗമായാണ്. യുഎഇയിൽനിന്നു വരുന്ന ഉദ്യോഗസ്ഥർക്ക് കേരളം ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ആവശ്യമായ സഹായം ചെയ്തു കൊടുക്കുക മാത്രമായിരുന്നു എന്റെ ജോലി. മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമായാണ് ബന്ധപ്പെട്ടിട്ടുള്ളത്.
ഈ സംഭവം ബാധിക്കുന്നത് എനിക്കും ഭർത്താവിനും രണ്ടു കുട്ടികൾക്കും മാത്രമാണ്. ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ, രണ്ടു കുട്ടികൾ, അറ്റകൈയ്ക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിനുത്തരവാദി നിങ്ങളോരോരുത്തരുമായിരിക്കും.
മാധ്യമങ്ങൾ കാര്യങ്ങൾ അന്വേഷിക്കണം. എന്റെ മകൾ എസ്എഫ്ഐ ആണെന്ന തരത്തിൽ വാർത്തകൾ വന്നു. ഇതിൽ യാഥാർഥ്യമില്ല. സ്പേസ് പാർക്കിൽ എനിക്ക് ഒരു ലക്ഷം രൂപ ശന്പളം ലഭിച്ചിരുന്നു. എന്നാൽ യുഎഇയിൽ അതിലേറെ ശന്പളം ഉണ്ടായിരുന്നു. മക്കൾക്ക് എല്ലാം നൽകി നല്ല രീതിയിലാണ് വളർത്തുന്നത്. ഒരു ക്ലബിലും ഒരു മുഖ്യന്റെയും കൂടെ പോയിട്ടില്ല: സ്വപ്ന പറയുന്നു.