ആയവനയിൽ ഭീമൻചക്ക അതിശയമായി...
Saturday, June 6, 2020 11:59 PM IST
മൂവാറ്റുപുഴ: ആയവനയിലെ ഭീമൻചക്ക നാട്ടുകാർക്ക് അതിശയമായി. ആയവന ഏനാനെല്ലൂർ വടക്കേക്കര നാരായണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.4 കിലോഗ്രാം തൂക്കവും 88 സെന്റിമീറ്റർ നീളവുമുള്ള ഭീമൻ ചക്ക ഉണ്ടായത്.
ചക്കയുടെ വലിപ്പം ശ്രദ്ധിച്ച നാരായണൻ പ്ലാവിൽനിന്നു ചക്ക കയറുകെട്ടി താഴെയിറക്കുകയായിരുന്നു. ആയവന കൃഷി ഓഫീസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 53.4 കിലോ ഉണ്ടെന്നു മനസിലായത്.
മുറിക്കാതെ വച്ചിരിക്കുന്ന ചക്കഭീമനെ കാണാൻ നിരവധി പേർ വീട്ടിലെത്തുന്നുണ്ട്. തൂക്കത്തിൽ സംസ്ഥാനത്തുതന്നെ ഈ ചക്കയ്ക്ക് ഒന്നാംസ്ഥാനമുണ്ടെന്നു പറയുന്നു. അടുത്തനാളിൽ കൊല്ലത്തു വിളഞ്ഞ ഭീമൻചക്കയ്ക്കു 51 കിലോഗ്രാമായിരുന്നു തൂക്കം.