പരോളിലുള്ള തടവുകാർ ലോക്ക് ഡൗണിനു ശേഷം മടങ്ങിയെത്തിയാൽ മതി
Friday, March 27, 2020 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്നു പരോളിൽ പോയിട്ടുള്ള തടവുകാർ ലോക്ക് ഡൗണിനു ശേഷം മടങ്ങിയെത്തിയാൽ മതിയെന്ന് ഉത്തരവ്. മാർച്ച് 23 നും ഏപ്രിൽ 14നും ഇടയിൽ മടങ്ങിയെത്തേണ്ടവ൪ ഏപ്രിൽ 15നു ജയിലുകളിൽ മടങ്ങിയെത്തിയാൽ മതിയെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയതായി ജയിൽ ഡിജിപി അറിയിച്ചു.
പരോളിലുള്ളവ൪ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പത്തിലായ തടവുകാരും ജയിലധികൃരും നിരന്തരം ഇതിൽ വ്യക്തത തേടി ഫോണിൽ ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും നിർദേശപ്രകാരമാണു നടപടി.
നിലവിൽ കേരളത്തിലെ ജയിലുകളിൽ നിന്നും 105 തടവുകാർ പരോളിൽ പോയിട്ടുണ്ട്. കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരെ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വഴി നടപടികൾ സ്വീകരിച്ചാൽ മതിയെന്നും നിർദേശത്തിലുണ്ട്.