വിവരാവകാശ നിയമപ്രകാരമുള്ള ഫീസ്: വിശദീകരണം തേടി
Saturday, February 29, 2020 12:49 AM IST
കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനയും ഫീസ് അടയ്ക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. അപേക്ഷാ ഫീസായും രേഖകൾക്കുള്ള ചെലവായും തുക പോസ്റ്റൽ ഓർഡർ മുഖേന അടയ്ക്കാനാവാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നെന്നാരോപിച്ചു പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റ് ഡി.ബി. ബിനു നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നിർദേശം.
കോർട്ട് ഫീ സ്റ്റാന്പ്, ട്രഷറി ചെലാൻ, ഡ്രാഫ്ട് തുടങ്ങിയവ മുഖേനയോ നേരിട്ടോ ഇപ്പോൾ ഫീസ് അടയ്ക്കാൻ കഴിയും. ഇതിനൊപ്പം പോസ്റ്റൽ ഓർഡറിനെയും പരിഗണിക്കണമെന്നാണു ഹർജിക്കാരന്റെ ആവശ്യം. വിവരാവകാശ അപേക്ഷകളിൽ ഫീസ് പോസ്റ്റൽ ഓർഡറുകൾ മുഖേന അടയ്ക്കാൻ സംസ്ഥാന സർക്കാരുകൾ അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.