കൂടത്തായി: ജോളി ജാമ്യാപേക്ഷ നൽകി
Saturday, February 29, 2020 12:49 AM IST
കൊച്ചി: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കൂടത്തായി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്കിയത്. താമരശേരി കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലും നൽകിയ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
2011 സെപ്റ്റംബർ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. വീട്ടിലെ ബാത്ത് റൂമിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് റോയ് മരിച്ചെന്നാണ് ജോളി ബന്ധുക്കളെ അറിയിച്ചത്. റോയിയുടെ അസ്വാഭാവിക മരണത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. പിന്നീട് റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജോളി ഭർത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി 2019 ഒക്ടോബർ അഞ്ചിന് ഇവരെ അറസ്റ്റ് ചെയ്തു. രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ കുട്ടിയായ ആൽഫൈൻ എന്നിവരെയും ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.