സ്വർണക്കള്ളക്കടത്തു കേസ്: രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു നീക്കി
Tuesday, February 25, 2020 12:28 AM IST
കൊച്ചി: സ്വർണകള്ളക്കടത്തു കേസിൽ ഉൾപ്പെട്ട കൊച്ചി കസ്റ്റംസ് പ്രവന്റീവ് കമ്മീഷണറേറ്റിനു കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു നീക്കം ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി എട്ടു കോടിയിലധികം രൂപ വില മതിക്കുന്ന 25 കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി നാലു കോടിയിലധികം രൂപ വിലമതിക്കുന്ന 11 കിലോ സ്വർണം കടത്താൻ ശ്രമിച്ച കസ്റ്റംസ് ഇൻസ്പെക്ടർ രാഹുലിനെയുമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ സർവീസിൽ നിന്ന് പുറത്താക്കിയത്.
കോഫെപോസ നിയമപ്രകാരം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്ത രാധാകൃഷ്ണൻ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. രാഹുൽ ഒളിവിലുമാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ഇരുകേസുകളും അന്വേഷിച്ചത്. കസ്റ്റംസ് ആക്ട് 1962 പ്രകാരം രാധാകൃഷ്ണനെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.