വീട്ടമ്മ കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ
Monday, February 24, 2020 3:26 AM IST
അണ്ടത്തോട്(പുന്നയൂർക്കുളം): തൃശൂർ അണ്ടത്തോട് തങ്ങൾപ്പടിയിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. തങ്ങൾപ്പടി കെട്ടുങ്ങൽ പാലത്തിനു സമീപം താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖ(49)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈഖയുടെ ഭർത്താവ് എരമംഗലത്തു താമസിക്കുന്ന പാലക്കാട് സ്വദേശി ചീനിക്കര യൂസഫിനെ(54) പോലീസ് അറസ്റ്റുചെയ്തു.
കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. യൂസഫും സുലൈഖയും ഏറെനാളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. പുരയും സ്ഥലവും സുലൈഖയുടെ പേരിലാണ്. ഇതിൽ അവകാശമില്ലാത്തതിന്റെ വൈരാഗ്യത്തിലാണു കൃത്യം നടത്തിയതെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെ സുലൈഖ താമസിക്കുന്ന വീടിനു സമീപത്തെത്തിയ യൂസഫ്, സുലൈഖയുടെ അമ്മ ഖദീജ പുറത്തുപോയ സമയത്ത് വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്നു മുറിയിൽ ഉറക്കത്തിലായിരുന്ന സുലൈഖയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അവിടെനിന്ന് ഓടിപ്പോയ ഇയാളെ എരമംഗലത്തുനിന്നാണു പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കൈയിൽ വെട്ടുകത്തിയുമായി യൂസഫിനെ സുലൈഖയുടെ വീടിന്റെ പരിസരത്തു നാട്ടുകാർ കണ്ടിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം അണ്ടത്തോട് ജുമാ മസ്ജിദിൽ കബറടക്കും.