റെയ്ഡിൽ കിട്ടിയത് വാടകച്ചീട്ട് മാത്രം
Saturday, February 22, 2020 11:56 PM IST
തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാർ അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ടു ശിവകുമാറിന്റെ സുഹൃത്തായ അഭിഭാഷകന്റെ വീടുകളിൽ നടത്തിയ റെയ്ഡിൽ കിട്ടിയതു വാടകച്ചീട്ട് മാത്രം. ഇന്നലെ വിജിലൻസ് പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
നാലാം പ്രതി അഡ്വ. എൻ.എസ്. ഹരികുമാറിന്റെ പുളിമൂട്ടിലുള്ള വീടുകളിലായിരുന്നു റെയ്ഡ് നടത്തിയത്. ഇടുക്കി സ്വദേശിയായ സി.കെ. ഷാജിക്കു മാസം 5,000 രൂപയ്ക്ക് വീടു വാടകയ്ക്കു നൽകിയ വാടക്കരാർ മാത്രമാണു ലഭിച്ചത്. ഹരികുമാറിന്റെ അനന്തരവൻ കെ.എസ്. സന്തോഷ് ആണ് മറ്റൊരു വീട്ടിൽ താമസിക്കുന്നത്. ഇതിനു വാടക വാങ്ങുന്നില്ലെന്നും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ആറു പേജുകൾ വീതമുള്ള രണ്ടു റിപ്പോർട്ടുകളിൽ വിജിലൻസ് അന്വേഷണ സംഘം അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥരായ ആർ.കെ. റാണചന്ദ്രൻ, ആർ. പ്രജേഷ എന്നിവരാണ് റെയ്ഡ് നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ശിവകുമാറിന്റെ വീടു റെയ്ഡ് നടത്തിയതിന്റെ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നു വിജിലൻസ് അറിയിച്ചു.
വി.എസ്.ശിവകുമാർ, ശിവകുമാറിന്റെ ഡ്രൈവർ ഷൈജു ഹരൻ, എം. രാജേന്ദ്രൻ, അഡ്വ. എൻ.എസ്. ഹരികുമാർ എന്നിവരാണു കേസിലെ പ്രതികൾ. 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫിന്റെയും സുഹൃത്തുക്കളുടെയും പേരിൽ വി.എസ്.ശിവകുമാർ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് വിജിലൻസിന്റെ ആരോപണം.