ഒാർത്തഡോക്സ് സുനഹദോസ് സമാപിച്ചു
Saturday, February 22, 2020 12:52 AM IST
കോട്ടയം: ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്നു വന്ന മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് റിപ്പോർട്ട് അവതരിപ്പിച്ചു.സഭയെയും സമൂഹത്തെയും ബാധിക്കുന്ന ആനുകാലിക വിഷയങ്ങളെക്കുറിച്ചു വിവിധ തീരുമാനം രൂപപ്പെടുത്തി. മാറുന്ന കാലത്തിലെ വിശ്വാസ പ്രതിസന്ധികളിൽ വൈദികരും വിശ്വാസ സമൂഹവും ഒരുമിച്ച് മുന്നേറണമെന്ന് ആഹ്വാനം ചെയ്തു. യുവതീ-യുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇടയ പരിപാലന കർമപദ്ധതി നടപ്പിലാക്കും.
സഭയിലും സമൂഹത്തിലും കർശനമായ സാന്പത്തിക അച്ചടക്കത്തിനുള്ള മാർഗരേഖ അടങ്ങുന്ന “ലളിതം, സുന്ദരം’ സഭയുടെ മാനവവിഭവ ശേഷി വകുപ്പിന്റെ ചുമതലയിൽ നടപ്പാക്കാൻ നിശ്ചയിച്ചു. സഭയിലെ വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖ അംഗീകരിച്ചു.
വൈദികരുടെയും പ്രധാന ശുശ്രൂഷകരുടെയും 2020-25 കാലയളവിലേയ്ക്കുള്ള ശന്പള പദ്ധതി അംഗീകരിച്ചു. ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ മാർഗനിർദേശം തയാറാക്കാനും യോഗം തീരുമാനിച്ചു.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളികാർപ്പസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ ധ്യാനങ്ങൾക്കു നേതൃത്വം നൽകി.