റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചന: കടകംപള്ളി
Sunday, February 16, 2020 1:52 AM IST
ആലുവ: പോലീസിനെതിരെയുള്ള സിഎജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സിഎജി റിപ്പോർട്ട് ചോർന്നെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സർക്കാരിന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
സിഎജി റിപ്പോർട്ട് എന്ന് വ്യക്തമാക്കാതെയാണു സിഎജി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇതു ചട്ടലംഘനമാണെന്നും ഇതിനർഥം സിഎജി റിപ്പോർട്ട് ചോർന്നെന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റേത് വളരെ ആസൂത്രിതവും സംഘടിതവുമായ അവതരണമായിരുന്നു. ഡിജിപിയുടെ വിദേശയാത്രയെക്കുറിച്ചു കേന്ദ്രമന്ത്രി പറയുന്നത് അദ്ദേഹത്തിന് അറിവുള്ള കാര്യങ്ങൾ ആയിരിക്കും.
സിഎജി റിപ്പോർട്ട് തുടർപ്രക്രിയയാണെന്നും ഇത്തരം പരാമർശങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.