യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിൽ ' 19 എസ്എഫ്ഐക്കാർ പ്രതികൾ
Sunday, February 16, 2020 1:19 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ 19 പ്രതികളാണ് കേസിലുള്ളത്. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് കോടതിയിലാണ് അന്വേഷണ സംഘം 136 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.
വധശ്രമം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ അടക്കം 23 സാക്ഷികളും ഉണ്ട്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതുമൂലം പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്കു ജാമ്യം ലഭിക്കാൻവേണ്ടിയാണു കുറ്റപത്രം വൈകിച്ചതെന്നും ആക്ഷേപമുണ്ട്. ബിരുദ വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
അഖിൽ ചന്ദ്രന്റെ കൂട്ടുകാരൻ കോളജിലെ ഓഡിറ്റോറിയത്തിൽ ഇരുന്നതു പ്രതികൾ ചോദ്യം ചെയ്യുകയും തുടർന്ന് പ്രതികൾ ചേർന്ന് ഈ വിദ്യാർഥിയെ മർദിക്കുകയും ചെയ്തു. ഇതിനെതിരെ അഖിൽ മുൻകൈയെടുത്തു കാമ്പസിൽ പ്രകടനം നടത്തി. കൂടാതെ അഖിലിന്റെ ബൈക്ക് പ്രതികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പാർട്ടി ശാസിച്ചതുമാണു വൈരാഗ്യത്തിനു കാരണമായി പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
ശിവരഞ്ജിത്ത്, നസീം, മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, അക്ഷയ്, ഇജാബ, അമർ, മുഹമ്മദ് ഇബ്രാഹിം, ഹരീഷ്, മുഹമ്മദ് അസ്ലം, രഞ്ജിത്ത്, നിഥിൻ, ഹൈദർ, ഷാനവാസ്, നന്ദ കിഷോർ, പ്രണവ്, സഫാൻ എന്നിവരാണ് കേസിലെ പ്രതികൾ.