പെട്രോൾ പമ്പിൽ കള്ളനോട്ട്; ഒരാൾ അറസ്റ്റിൽ
Sunday, February 16, 2020 1:19 AM IST
ചാലക്കുടി: പെട്രോൾ പമ്പിൽനിന്നു വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം കള്ളനോട്ടു നൽകി കടന്ന സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ആലുവ എടയാർ വാടേപ്പറമ്പിൽ ശ്രീജിത്തി(32)നെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചയോടെ ഇന്നോവ കാറിലെത്തിയ ഒരുസംഘം യുവാക്കൾ പോട്ട പമ്പിൽനിന്ന് 2000 രൂപയ്ക്കു ഡീസൽ അടിച്ചശേഷം കള്ളനോട്ട് നൽകി അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ഡീസൽ നിറയ്ക്കാൻ മറ്റു വാഹനങ്ങൾ നിരയായി നിന്നിരുന്നതിനാൽ പമ്പിലെ ജീവനക്കാരൻ നോട്ട് പരിശോധിച്ചില്ല. പിന്നീടാണ് തന്നതു കള്ളനോട്ടാണെന്നു മനസിലായത്.