ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവ എൻജിനിയർ മരിച്ചു
Saturday, February 15, 2020 11:47 PM IST
തൊടുപുഴ: ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് യുവ എൻജിനിയർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം തിരുമല പിടിപി നഗർ സ്വദേശി എ. പാർത്ഥസാരഥിയാണ് (40) മരിച്ചത്. കൂടെയുണ്ടായിരുന്ന ആന്ധ്ര സ്വദേശി കിരണ്‍കുമാർ (36) ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ചിറ്റൂർ ചെങ്ങനാട്ടുപാലത്തിലായിരുന്നു അപകടം. അരിക്കുഴ കേരള ഫീഡ്സിലെ കാലിത്തീറ്റ പ്ലാന്റിന്റെ നിർമാണകരാറെടുത്ത ചെന്നൈ കേന്ദ്രമായ ശ്രീറാം ഇടിസി കന്പനിയിലെ എൻജിനിയർമാരാണ് പാർത്ഥസാരഥിയും കിരണ്‍കുമാറും. മണക്കാടുള്ള താമസസ്ഥലത്തേക്ക് ഭക്ഷണം കഴിക്കാനായി ബൈക്കിൽ വരുന്നതിനിടയിലാണ് അപകടം. ചെങ്ങനാട്ടുപാലത്തിലെ വളവിൽ ബൈക്കിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ബൊലേറോ ജീപ്പിൽ ഇടിക്കുകയായിരുന്നു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ കിരണ്‍കുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഇടിയിൽ ജീപ്പിന്റെയും ടയർ പൊട്ടി.