ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ശിപാർശ
Thursday, January 30, 2020 12:10 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാർശ. കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു തിരിച്ചെടുക്കാനുള്ള ശിപാർശ നൽകിയത്.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ പിൻവലിക്കരുതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബഷീർ കൊല്ലപ്പെടാൻ കാരണം ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ്. ഈ കേസിൽ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, കേസിൽ സസ്പെൻഷനിൽ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കാൻ ഇടയാകുമെന്ന ആശങ്കയും പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.