പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും റിമാൻഡിൽ
Wednesday, January 29, 2020 12:20 AM IST
മൂന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയേയും കാമുകനേയും റിമാൻഡ് ചെയ്തു. മൂന്നാർ ഗ്രാംസ്ലാൻഡ് എസ്റ്റേറ്റ് സ്വദേശിയായ മല്ലിക (30), അയൽവാസിയായ വീരപാണ്ടി (34) എന്നിവരെയാണ് റിമാൻഡുചെയ്തത്.
കഴിഞ്ഞ 13നാണ് ഒന്‍പതും ഏഴും വയസുള്ള ആണ്‍കുട്ടികളെ ഉപേക്ഷിച്ച് യുവതിയും കാമുകനും മുങ്ങിയത്. മല്ലികയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരും പോലീസ് പിടിയിലായത്. ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം യുവതിയെ കോട്ടയം വനിതാ സെല്ലിലും വീരപാണ്ടിയെ ദേവികുളം സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.ബി. മധുവിന്റെ നിർദേശാനുസരണം സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പ്രതികൾ തമിഴ്നാട്ടിലുണ്ടെന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നുദിവസമായി തമിഴ്നാട്ടിൽ തങ്ങി അന്വേഷണം നടത്തിയ പോലീസ് ചെന്നൈയിൽനിന്നും ഇരുവരേയും പിടികൂടുകയായിരുന്നു. മൂന്നാർ ഡിവൈഎസ്പി എം. രമേഷ്കുമാർ, എസ്ഐ ദിലീപ്കുമാർ, ഗ്രേഡ് എസ്ഐ ജോയ് ജോസഫ്, എഎസ്ഐ ഹാഷിം, ഷൗക്കത്ത്, സിപിഒ അശോക് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.