മണൽത്തിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കംചെയ്യാനെത്തിയ ബോട്ടിന് തീപിടിച്ചു
Tuesday, January 28, 2020 12:53 AM IST
തലശേരി: ധർമടം തീരത്തിനടുത്ത് മണൽത്തിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കംചെയ്യാനെത്തിയ ബോട്ടിനു തീപിടിച്ചു. ഒരാൾക്കു പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ബോട്ട് പൂർണമായും കത്തിനശിച്ചു. കപ്പൽ കെട്ടിവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ടിനു തീപിടിച്ചത്. യന്ത്രത്തകരാർമൂലമാണ് തീപിടിച്ചതെന്നാണ് സൂചന.
കടൽത്തീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കംചെയ്യാൻ വൈകുന്നേരത്തോടെയാണ് അഴീക്കൽ സിൽക്കിൽനിന്ന് രണ്ടു ബോട്ടുകളെത്തിയത്. ബോട്ടുകളുപയോഗിച്ചു കപ്പൽ കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബോട്ടിനു തീ പിടിച്ചത്. ഒരു ഇതരസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു ബോട്ടുകളിലായി ഒൻപത് പേരാണുണ്ടായിരുന്നത്. ഇതിൽ കൊല്ലം സ്വദേശി പാപ്പച്ചനാണു പൊള്ളലേറ്റത്. ഇയാളെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. കടലിൽനിന്നു നൂറു മീറ്ററോളം അകലെയാണ് ബോട്ടിനു തീപിടിച്ചത്. സംഭവമറിഞ്ഞ് തലശേരി അഗ്നിരക്ഷാസേനയും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുലാണു തീയണച്ചത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് മാലദ്വീപിൽനിന്ന് കണ്ണൂർ അഴീക്കലിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം വിട്ട് കപ്പൽ ധർമടം തീരത്തെത്തുന്നത്. ഇവിടെ മണൽത്തിട്ടയിൽ ഉറച്ചതോടെ കപ്പൽ നീക്കം ചെയ്യാനുമായില്ല.