കിഫ്ബി 4,014 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നല്കി
Tuesday, January 21, 2020 11:58 PM IST
തിരുവനന്തപുരം: കിഫ്ബി ഗവേണിംഗ് ബോർഡ് യോഗം 4,014 കോടി രൂപയുടെ പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നല്കി. ഇതോടെ ആകെ 35,028.84 കോടി രൂപയുടെ 675 പദ്ധതികൾക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം നല്കിയതെന്നു ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14,274.17 കോടി രൂപയും ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 5,374 കോടിയുടേയും പദ്ധതികൾക്ക് കിഫ്ബി നേരത്തേ അംഗീകാരം നല്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കിഫ്ബി ബോർഡ് യോഗത്തിൽ 96 പദ്ധതികൾക്കാണ് അംഗീകാരം നല്കിയത്. ഇതിൽ 24 റോഡുകൾ, മലയോര ഹൈവേയുടെ ഒരു റീച്ച്, തീരദേശ ഹൈവേയുടെ ഒരു റീച്ച് മൂന്ന് ആശുപത്രികൾ, ഒരു ബൈപ്പാസ്, അഞ്ചു സ്കൂളുകൾ, ഏഴു റെയിൽവേ മേൽപ്പാലങ്ങൾ, ഒരു ഫിഷിംഗ് ഹാർബർ, 19 കോളജുകൾ, രണ്ടു ടൂറിസം പദ്ധതികൾ എന്നിവയാണ് ഉൾപ്പെടുന്നത്.
ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ 25 ശതമാനം തുകയാണ് സംസ്ഥാന സർക്കാരിനുവേണ്ടി കിഫ്ബി നല്കുന്നതെന്നു മന്ത്രി പറഞ്ഞു. ഇത് 5,374 കോടി രൂപ വരും. സംസ്ഥാന സർക്കാരും കിഫ്ബിയും ദേശീയ പാത അതോറിറ്റിയും തമ്മിൽ ഒരു ത്രികക്ഷി കരാർ രൂപപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണ് ഈ പണം കിഫ്ബി കൈമാറുന്നത്. ദേശീയ പാത അതോറിറ്റിയുടേയും കിഫ്ബിയുടേയും വിഹിതം ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ഈ തുക പൊതുമരാമത്ത് സെക്രട്ടറിയുടെ ട്രഷറി അക്കൗണ്ടിലേക്ക് നല്കുകയുമാണ് ഈ കരാർ പ്രകാരമുള്ള നടപടിക്രമം.
കളക്ടർമാർ ആശ്യപ്പെടുന്നത് അനുസരിച്ച് ഈ തുക ട്രഷറികളിൽനിന്നു ഭൂ ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യും. ഇതുസംബന്ധിച്ചുള്ള ക്രയവിക്രയം നിലവിലുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ വിഹിതം ലഭിച്ച് ഏഴു ദിവസത്തിനകം സംസ്ഥാന സർക്കാരിന്റെ വിഹിതം കിഫ്ബി ധനകാര്യ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് നല്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം ആദ്യഗഡുവായി 349.7 കോടി രൂപ ഇതിനോടകം നല്കിക്കഴിഞ്ഞു. നടപടി ക്രമത്തിലോ പണ ലഭ്യതയിലോ ഇക്കാര്യത്തിൽ ഒരു അവ്യക്തതയും നിലനില്ക്കുന്നില്ലെന്നും മന്ത്രി പത്രസമ്മേനത്തിൽ വ്യക്തമാക്കി.