വോട്ടര്‍ പട്ടിക: കമ്മീഷന് വിശദീകരണം നല്‍കണം
Tuesday, January 21, 2020 11:37 PM IST
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയ നടപടിക്കെതിരേ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയിൽ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് രേഖാമൂലം വിശദീകരണം നല്‍കണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശം.
കോണ്‍ഗ്രസ് നേതാവും വിശാല കൊച്ചി വികസന അഥോറിറ്റി മുന്‍ ചെയര്‍മാനുമായ എന്‍. വേണുഗോപാല്‍ നൽകിയ ഹർജിയാണു പരിഗണിച്ചത്. സമാനവിഷയത്തില്‍ നേരത്തെ നല്കിയ രണ്ടു ഹര്‍ജികള്‍ക്കൊപ്പം ഇതുകൂടി പരിഗണിക്കാനായി 30ലേക്കു മാറ്റി.
ഹര്‍ജി പരിഗണിക്കവേ മുന്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടിക തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിര്‍ബന്ധമായി ഉപയോഗിക്കണമെന്നു കേരള പഞ്ചായത്തീരാജ് നിയമത്തിലോ മുനിസിപ്പല്‍ ആക്ടിലോ പറയുന്നില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വാദിച്ചു. വേണമെങ്കില്‍ ഇവ ഉപയോഗിക്കാമെന്നു മാത്രമാണ് പറയുന്നതെന്നും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് നേരത്തെയുള്ള വോട്ടര്‍ പട്ടികയാണ് അടിസ്ഥാനമാക്കേണ്ടതെന്നും കമ്മീഷന്റെ അഭിഭാഷകന് വിശദീകരിച്ചു. തുടർന്നാണു രേഖാമൂലം വിശദീകരണം നല്കാൻ കോടതി നിർദേശിച്ചത്.
2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിനും 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനും വോട്ടര്‍ പട്ടിക തയാറാക്കിയിരുന്നു. ഇവ ഉപയോഗിക്കാതെ 2015 ലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്.