ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് 45 പേർക്കു പരിക്ക്
Monday, January 20, 2020 12:50 AM IST
പാലക്കാട്: കളിക്കളത്തിൽ ജീവൻ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം ആർ. ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായുള്ള ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണ് 45 പേർക്കു പരിക്ക്. നൂറണി ഫുട്ബോൾ ടർഫിലെ താത്കാലിക ഗാലറിയാണു തകർന്നുവീണത്. മൈതാനത്തിന്റെ ഒരുവശത്ത് കമുകുകൊണ്ട് കെട്ടിയുയർത്തിയ ഭാഗമാണു തകർന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാത്രി എട്ടേമുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റ 35 പേരെ ജില്ലാ ആശുപത്രിയിലും പത്തു പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുപ്പതു മീറ്ററോളം നീളത്തിൽ ഗാലറി തകർന്നിട്ടുണ്ട്.
അഗ്നിശമന സേനയും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. തകർന്ന ഗാലറിക്കകത്ത് ആരും കുടുങ്ങിയിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ ഉറപ്പുവരുത്തി. ആയിരത്തോളം പേർ ഗാലറിയിൽ ഉണ്ടായിരുന്നു.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി ജില്ലാ ഫുട്ബോൾ അസോസിയേഷനാണു മത്സരത്തിനു വേദിയൊരുക്കിയത്. ഐ.എം. വിജയൻ ഇലവനും ബൈചുങ് ബൂട്ടിയ ഇലവനും മത്സരത്തിനായി തയാറെടുക്കുമ്പോഴാണു ഗാലറി തകർന്നത്. മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു അപകടം. വി. കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽ എ തുടങ്ങിയവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.