തർക്കം വ്യക്തിപരമല്ല, ചട്ടവിരുദ്ധ നടപടി നോക്കിനിൽക്കാനാകില്ലെന്നു ഗവർണർ
Monday, January 20, 2020 12:46 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയും സർക്കാരുമായുള്ള തർക്കം വ്യക്തിപരമല്ലെന്നും ഭരണഘടനയും ചട്ടവും ലംഘിച്ചുള്ള സർക്കാർ നടപടികളിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാനാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും മുഖ്യമന്ത്രിയുമായുള്ള തർക്കത്തെ വ്യക്തിപരമായി ചിത്രീകരിക്കരുത്.
സംസ്ഥാന സർക്കാർ നിലപാടുകൾ ഗവർണറെ അറിയിക്കണമെന്നു ഭരണഘടനയിലും നടപടി ചട്ടത്തിലും പറയുന്നുണ്ട്. ഏതു ഭരണാധികാരി ആയാലും ഭരണഘടനയും നിയമവും ചട്ടവുമൊക്കെ അനുസരിച്ചേ മതിയാകൂ. ഇതു ലംഘിച്ചു കൊണ്ടുള്ള നടപടികൾ തുടരുന്പോൾ നോക്കിനിൽക്കില്ല.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ താൻ നിറവേറ്റുമെന്നും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടിയായി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.
പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുന്പോൾ ഗവർണറെ അറിയിക്കേണ്ടതുണ്ട്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു ചട്ടലംഘനമുണ്ടായി. ഭരണഘടനയുടെ 166-ാം വകുപ്പ് മൂന്നാം ഉപവകുപ്പ് അനുസരിച്ചാണു കാര്യനിർവഹണ ചട്ടമുണ്ടാക്കിയത്.
സർക്കാർ ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതിനു മുൻപു ഗവർണറുടെ അനുമതി തേടിയിരിക്കണം. ഇക്കാര്യം നിർബന്ധമാണെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. കോടതിയിൽ പോകാൻ അനുമതി ആവശ്യമില്ലെന്നു പറയുന്നവർ അക്കാര്യം നിയമത്തിന്റെ പിൻബലത്തോടെ ബോധ്യപ്പെടുത്തണം.
രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കു പല അഭിപ്രായങ്ങളും പറയാമെന്നു സിപിഎം, സിപിഐ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഗവർണർ പറഞ്ഞു. എന്നാൽ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന ഭരണാധിപന്മാർക്കു മുന്നിൽ ഭരണഘടനയും നിയമവും ചട്ടവുമൊക്കെയുണ്ട്.
കോഴിക്കോട്ടെ പരിപാടി താൻ റദ്ദാക്കിയതല്ല.
സംഘാടകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കിയതെന്നും ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഗവർണർ പറഞ്ഞു.