ഓടയ്ക്കാലി മുരളിക്ക് വീരശൃംഖല
Friday, December 13, 2019 12:06 AM IST
കൊച്ചി: ചെണ്ട മേളത്തിലെ കൊമ്പുവാദന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഓടയ്ക്കാലി മുരളിക്ക് വീരശൃംഖല നല്കി ആദരിക്കും. 15ന് പെരുമ്പാവൂര്‍ ഓടക്കാലി നമ്പ്യാര്‍ ചിറങ്ങര ക്ഷേത്രപരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വീരശൃംഖല കൈമാറുമെന്നു സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് ശബരിമല മുന്‍ മേല്‍ശാന്തി ആത്രശേരി രാമന് നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വാദ്യമേളം അരങ്ങേറും. ഉച്ചയ്ക്ക് ഒന്നിന് സൗഹൃദ സമ്മേളനം മുന്‍ എംഎല്‍എ സാജു പോള്‍ ഉദ്ഘാടനം ചെയ്യും. 2.30ന് മോഹിനിയാട്ടം. വൈകുന്നേരം നാലിന് സ്വീകരണ ഘോഷയാത്ര. ആദരിക്കല്‍ ചടങ്ങ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നാഗരസ്വര വിദ്വാന് കലൈമണി തിരുവിഴ ജയശങ്കര്‍ വീരശൃംഖല ഓടക്കാലി മുരളിയെ അണിയിക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനംകുട്ടന്മാരാര് ആര് കെ ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആറിന് ചോറ്റാനിക്കര വിജയന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ ചടങ്ങുകള്‍ അവസാനിക്കും.