കരുണയായി മാറിയ കണ്ടത്തിലച്ചൻ ദൈവദാസനാകുന്നു
Thursday, December 12, 2019 1:35 AM IST
കൊച്ചി: കുഷ്ഠരോഗികളായ സഹോദരങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച "കേരള ഡാമിയൻ’ മോണ്. ജോസഫ് കെ.ഡബ്ല്യു. തോമസ് കണ്ടത്തിൽ ദൈവദാസ പദവിയിലേക്ക്. അമലോത്ഭവമാതാവിന്റെ അസീസി സന്യാസസഭയുടെയും ഗ്രീൻഗാർഡൻസ് സ്ഥാപനങ്ങളുടെയും സ്ഥാപകപിതാവാണ് അദ്ദേഹം.
വൈദിക ജീവിതം മുഴുവൻ അദ്ദേഹം ചേർത്തലയിലാണു ചെലവഴിച്ചത്. മുട്ടം പള്ളിയിൽ അസി. വികാരിയായിരുന്നപ്പോൾ വീടുവീടാന്തരം കയറിയിറങ്ങി കുഷ്ഠരോഗികളെയും ദരിദ്രരെയും നിരാലംബരെയും ആശ്വസിപ്പിച്ചു. കുഷ്ഠരോഗികളുടെ ദയനീയാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആഗ്രഹത്തോടെ 1942ൽ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു.
രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയും എല്ലാ ശുശ്രൂഷയും തനിച്ച് ചെയ്യുന്നത് അസാധ്യമാകുകയും ചെയ്തതോടെ അദ്ദേഹം സിഎംസി, എസ്ഡി, എംഎസ്ജെ തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ സേവനം തേടി. പിന്നീട് അദ്ദേഹം പുതിയൊരു സന്യാസസഭ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. അങ്ങനെ, 1949 ഏപ്രിൽ രണ്ടിന് അമലോത്ഭവമാതാവിന്റെ അസീസി സന്യാസസഭ (എഎസ്എംഐ) രൂപംകൊണ്ടു.
അനാഥരെയും കുഷ്ഠരോഗികളെയും അടക്കാൻ ഉപയോഗിച്ചിരുന്ന ആനതറവെളിയെന്ന പ്രദേശം അദ്ദേഹത്തിന് ഇഷ്ടദാനമായി ലഭിച്ചു. 300 രൂപ മൂലധനത്തിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ആശുപത്രികൾ, സ്കൂളുകൾ ആതുരാലയങ്ങൾ എന്നിവയിലൂടെ ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. കുഷ്ഠരോഗികൾക്ക് അപ്പനും അമ്മയുമായി മാറിയ വ്യക്തിയായതിനാലാണു കേരളഡാമിയൻ എന്നദ്ദേഹം അറിയപ്പെട്ടത്.
രോഗികൾക്കും അനാഥർക്കും വേണ്ടി ഒരു ഭിക്ഷാംദേഹിയായി അലയാൻ ആ വൈദികൻ മടിച്ചില്ല. പിഞ്ചിക്കീറിയ വസ്ത്രം തുന്നിക്കൂട്ടി വീണ്ടും വീണ്ടും ഉപയോഗിക്കുമായിരുന്ന ദാരിദ്ര്യാരൂപിയുടെ നേർമാതൃകയായിരുന്നു കണ്ടത്തിലച്ചൻ. നിത്യാരാധന പ്രചാരത്തിലില്ലാതിരുന്ന കാലത്ത് മതിലകം ചാപ്പലിൽ നിത്യാരാധനയും കണ്ടത്തിലച്ചൻ തുടങ്ങി.