പാർട്ടി വടിയെടുത്തു; എസ്.പി. ദീപക് രാജിക്കത്ത് കൈമാറി
Thursday, December 12, 2019 12:24 AM IST
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം എസ്.പി. ദീപക് രാജിവച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ നിർദേശത്തെ തുടർന്നാണു രാജി. കൈതമുക്ക് റെയിൽ പുറന്പോക്കിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പകറ്റാൻ മണ്ണു വാരി ഭക്ഷിച്ചുവെന്ന ദീപക്കിന്റെ പരാമർശമാണു രാജിക്കു വഴിവച്ചത്.
ദീപക്കിന്റെ പ്രസ്താവന സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തിൽ അദ്ദേഹത്തോടു വിശദീകരണം തേടണമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിനോടു സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു ദീപക്കിനോടു ശിശുക്ഷേ സമിതിയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവക്കാൻ ആവശ്യപ്പെട്ടത്. രാജി ദീപക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
സിപിഎം പ്രാദേശിക നേതൃത്വം വിവരമറിയിച്ചതിനെത്തുടർന്നാണു താൻ കൈതമുക്കിലെത്തിയതെന്നും കുട്ടികൾ മണ്ണുവാരി കഴിച്ചുവെന്ന് അവർ തന്നെയാണു പറഞ്ഞതെന്നും എസ്.പി.ദീപക് പ്രതികരിച്ചു. തന്റെ പരാമർശം സർക്കാരിനു അവമതിപ്പുണ്ടാക്കിയതായി പാർട്ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു രാജിയെന്നും എസ്.പി. ദീപക് പറഞ്ഞു.