പതിവു തെറ്റിയില്ല, 39-ാം വർഷവും പീരുമേട്ടിലെ ദേവാലയത്തിൽ മാർ മാത്യു അറയ്ക്കലെത്തി
Monday, December 9, 2019 12:48 AM IST
കോട്ടയം: നാലു പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും മുടങ്ങാതെ പീരുമേട്ടിൽ കന്യകാമറിയത്തിന്റെ സവിധത്തിൽ മാർ മാത്യു അറയ്ക്കൽ എത്തി. തുടർച്ചയായ 39-ാം വർഷമാണ് അമലോത്ഭവ തിരുനാളിൽ ബിഷപ് അറയ്ക്കൽ ഇവിടെ ദിവ്യബലിയർപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ 39 വർഷമായി മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ പീരുമേട് സെന്റ മേരീസ് ദേവാലയത്തിലാണ് അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്പോൾ പാറേൽ പള്ളിയുടെ ചുമതലക്കാര്യങ്ങൾ മാർ മാത്യു അറയ്ക്കലാണു നിർഹിച്ചിരുന്നത്. പീന്നിട് , പീരുമേട്ടിലേക്കു പ്രേഷിത ശുശ്രൂഷയ്ക്കു നിയുക്തനായി. പരിമിതികൾ ഏറെയുണ്ടായിരുന്ന സാഹചര്യത്തിൽ അന്നു ചോർന്നൊലിച്ചിരുന്ന പള്ളിയാണ് അദേഹത്തിനു വിശുദ്ധ കുർബാന അർപ്പിക്കാനായി ഉണ്ടായിരുന്നത്. ഈ ദേവാലയത്തിലെ പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപത്തിനു പാറേൽ പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപവുമായി ഏറെ സാദൃശൃമുണ്ടായിരുന്നു. വികസനം തെല്ലും എത്താത്ത പീരുമേട്ടിലെ സാമൂഹിക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ സഹനങ്ങൾ പരിശുദ്ധ അമ്മയ്ക്കു നിയോഗമായി സമർപ്പിച്ചു തുടങ്ങിയ പാരന്പര്യം 39 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം മുടക്കിയിട്ടില്ല.