ജപ്പാൻ, കൊറിയ സന്ദർശനം: മുഖ്യമന്ത്രി ഇന്നു യാത്രതിരിക്കും
Friday, November 22, 2019 11:40 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നു ജപ്പാനിലേക്കു പുറപ്പെടും. വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാന്പത്തിക സാങ്കേതികവിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ജപ്പാനും കൊറിയയും സന്ദർശിക്കും.
നാളെ മുതൽ 30 വരെ ജപ്പാനിലും ഡിസംബർ ഒന്നു മുതൽ നാലു വരെ കൊറിയയിലുമാണു പരിപാടികൾ. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.
ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാൻ ഗവണ്മെൻറിലെ മന്ത്രിമാരുമായും കൂടിക്കാഴ്ചകളുണ്ട്. ജപ്പാനിലെ മലയാളിസമൂഹം സംഘടിപ്പിക്കുന്ന യോഗങ്ങളിലും പങ്കെടുക്കും.