ചുമടിന്റെ ഭാരം 55 കിലോയായി കുറയ്ക്കാൻ നിയമ ഭേദഗതി
Thursday, November 14, 2019 12:29 AM IST
തിരുവനന്തപുരം: ചുമട്ടുത്തൊഴിലാളികൾ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോയിൽ നിന്ന് 55 കിലോയായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബിൽ മന്ത്രിസഭ അംഗീകരിച്ചു.
സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോയായി നിജപ്പെടുത്തുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനം അംഗീകരിച്ച ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴിൽ ഫോർട്ട് കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കുന്നതിന് 11 തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് ഓരോ റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കും.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) കെ.സി. ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.