ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്: മുഖ്യമന്ത്രി
Wednesday, November 13, 2019 11:43 PM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വാഹനം ഓടിച്ച ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ അപകടസമത്ത് മദ്യപിച്ചിരുന്നതായി മെഡിക്കൽ സർട്ടിഫിക്കറ്റിൽ കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യപ്പെട്ട ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിലേക്കു പോയതു സംബന്ധിച്ചും മദ്യപിച്ചതിന്റെ തെളിവ് ഡോക്ടർമാരുടെ സഹായത്തോടെ നശിപ്പിക്കാൻ ശ്രമിച്ചതു സംബന്ധിച്ചും പരിശോധിച്ചിട്ടുണ്ട്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികളും സഹയാത്രികയും മൊഴി നൽകിയതുൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
സംഭവം നടന്ന് 10 മണിക്കൂറിനു ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിൾ പരിശോധനയ്ക്കെടുത്തതെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ ഇതുൾപ്പെടെ കേസ് തെളിയിക്കുന്നതിനുള്ള തെളിവുകൾ പ്രോസിക്യൂഷൻ ശേഖരിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകൾ ശേഖരിച്ചു വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പാറയ്ക്കൽ അബ്ദുള്ള, വി.ഡി.സതീശൻ, എം. വിൻസന്റ് എന്നിവരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.