കാലിക്കട്ടിൽ കേന്ദ്രമന്ത്രിക്കെതിരേ കരിങ്കൊടി, സംഘർഷം
Wednesday, November 13, 2019 11:18 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാമ്പസിൽ കേന്ദ്രമന്ത്രിക്കെതിരേ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. സർവകലാശാലയിലെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ എംഎച്ച്ഐആർഡി ടീച്ചിംഗ്, ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രയ്ക്കെതിരേ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. ജെഎൻയു സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എസ്എഫ്ഐയുടെ മിന്നൽ സമരം.
കാമ്പസിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിലെ ഉദ്ഘാടന ചടങ്ങിനിടെ ഇരുപതിലേറെ എസ്എഫ്ഐ പ്രവർത്തകർ മന്ത്രി പ്രസംഗിച്ചു തുടങ്ങിയപ്പോൾ, കരിങ്കൊടി വീശുകയായിരുന്നു. പതിനഞ്ചുമിനിട്ടോളം നീണ്ട പ്രതിഷേധത്തിനിടെ പ്രവർത്തകർ വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തേഞ്ഞിപ്പലം സിഐ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ട് ഹോം ഗാർഡ് ഉൾപ്പെടെ പത്തിൽ താഴെ പോലീസുകാർ മാത്രമേ സംഭവ സമയത്ത് സെമിനാർ കോംപ്ലക്സിനകത്തുണ്ടായിരുന്നുള്ളൂ. ഇതിനാൽ കരിങ്കൊടി വീശിയ വനിതകൾ ഉൾപ്പെടെയുള്ളവരെ നിയന്ത്രിക്കാനായില്ല.
കരിങ്കൊടി വീശി ഏറെ നേരം മന്ത്രിക്കെതിരേ ’ഗോ ബാക്ക്’ വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങ് തുടങ്ങും മുമ്പുതന്നെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി ഒളിച്ചുപിടിച്ച് സദസിൽ കയറിയിരുന്നു.