മോഡറേഷൻ അപേക്ഷ ഫയലിൽതന്നെ; 116 പേർ ഡോക്ടർമാരായില്ല
Friday, October 18, 2019 11:26 PM IST
കോട്ടയം: സാങ്കേതിക സർവകലാശാലയും ആരോഗ്യസർവകലാശാലയും നിലവിൽ വരുന്നതിനു മുൻപ് വിവിധ പ്രഫഷണൽ കോഴ്സുകളിൽ മോഡറേഷൻ ആവശ്യപ്പെട്ടു വിദ്യാർഥികൾ നൽകിയ ഒട്ടേറെ അപേക്ഷകൾ മുൻപ് തള്ളിക്കളഞ്ഞിട്ടുണ്ട്. 2014ൽ വിവിധ മെഡിക്കൽ കോളജുകളിലെ 116 വിദ്യാർഥികൾ ഒന്നോ രണ്ടോ മാർക്ക് ആവശ്യപ്പെട്ടു നൽകിയ അപേക്ഷകളും ഇതിൽപ്പെടും. അക്കാലത്തും മാർക്ക് ദാനത്തിനു സിൻഡിക്കറ്റ് സമ്മർദം ചെലുത്തിയിരുന്നു.
വിവിധ വർഷങ്ങളിലെ പേപ്പറുകൾ മേഴ്സി ചാൻസ് ഉൾപ്പെടെ 14 തവണ വരെ പരീക്ഷ എഴുതിയിട്ടും പാസാകാതെ വന്നവരും അനാട്ടമിക്ക് ഒരു മാർക്ക് കിട്ടിയാൽ എംബിബിഎസ് കടന്നുകൂടും എന്നു സങ്കടം അറിയിച്ച അപേക്ഷയുമൊക്കെ ഇതിൽപ്പെടും. ഈ വിദ്യാർഥികൾ ഇതുവരെ എംബിബിഎസ് കടന്നുകൂടിയിട്ടില്ല.
ചില സിൻഡിക്കറ്റ് അംഗങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും സജീവ ഇടപെടലുകൾ ചില അപേക്ഷകളിൽ ചെലുത്തിയ സാഹചര്യവുമുണ്ട്. സമാനമായ രീതിയിൽ നഴ്സിംഗിനും എൻജിനിയറിംഗിനും വിദ്യാർഥികളുടെ അപേക്ഷകൾ ലഭിച്ചതു സർവകലാശാല അധികൃതർ മുൻപ് നിരസിക്കുകയായിരുന്നു.